National
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ തയറാക്കുന്ന സംഘത്തിന് കർശന നിയന്ത്രണങ്ങളുമായി എൻടിഎ. സംഘത്തെ പ്രത്യേക കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഫോണും ഇന്റർനെറ്റ് ഇല്ലാതെയാണ് അധ്യാപകർ ഇവിടെ കഴിയുന്നത്.
സഹായികൾക്കും പുറത്തുപോകാൻ അനുമതിയില്ല. 21 ന് പരീക്ഷ കഴിയുന്നത് വരെ ഇവിടെ തുടരണം. ലാപ് ടോപ്, സ്മാർട്ട് വാച്ചടക്കം ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. മറ്റ് ജീവനക്കാർ പുറത്തേക്ക് പോകുന്നതും തിരിച്ചു വരുന്നതും കൃത്യമായി നിരീക്ഷിക്കും.
മുൻവർഷങ്ങളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ പരീക്ഷാ ഏജൻസി ഇത്രയും കടുത്ത സുരക്ഷാ വലയം തീർത്തിരിക്കുന്നത്. പെൻ-പേപ്പർ രീതിയിൽ പുനഃപരീക്ഷ നടത്തുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് എൻടിഎ ഉദ്യോഗസ്ഥർ പാർലമെന്ററി സമിതിയിൽ വിശദീകരിച്ചു.
അടുത്തവർഷം മുതൽ പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായി നടപ്പാക്കാൻ തീരുമാനിച്ചതായി എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് പറഞ്ഞു. രണ്ട് പരീക്ഷാരീതികളുടെയും നേട്ടങ്ങളും പിഴവുകളും യോഗം വിശദമായി ചർച്ച ചെയ്തു.
National
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നടക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻറ്റിഎ) പുറത്തിറക്കി.
ഈ മാസം 21 നാണു പരീക്ഷ. പരീക്ഷ നടത്തുന്ന നഗരങ്ങൾ ഉൾപ്പെടുത്തിയ സ്ലിപ്പ് പരിശോധിക്കുന്നതിന് ഔദ്യോഗിക സൈറ്റിൽ അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമെന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻറ്റിഎ) അറിയിച്ചു.
രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലും ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5:15 വരെ പേനയും പേപ്പറും ഉപയോഗിച്ചാണു പരീക്ഷ. പരീക്ഷ നടക്കുന്ന വിവരങ്ങൾ മാത്രമാണ് ലഭ്യമാക്കിട്ടുള്ളതെന്നും അഡ്മിറ്റ് കാർഡ് പിന്നാലെ നൽകുമെന്നും എൻറ്റിഎ വ്യക്തമാക്കി.
കഴിഞ്ഞമാസം മൂന്നിനു നടന്ന പരീക്ഷാ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്നാണ് റദ്ദാക്കിയത്.
National
കലബുറഗി: കർണാടകയിലെ കലബുറഗിയിൽ നീറ്റ് പരീക്ഷ എഴുതിയ 18 വയസുകാരിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പരീക്ഷയ്ക്ക് പിന്നാലെയുണ്ടായ ഈ ദാരുണ സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
നീറ്റ് പരീക്ഷ എഴുതിക്കഴിഞ്ഞതിന് പിന്നാലെയാണ് പെൺകുട്ടിയെ താമസസ്ഥലമായ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷാ സമ്മർദ്ദമാണോ അതോ മറ്റ് കാരണങ്ങളാണോ മരണത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത കലബുറഗി പോലീസ് എല്ലാ കോണുകളിലൂടെയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ മൊബൈൽ ഫോൺ രേഖകളും അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
പരീക്ഷയ്ക്ക് മുൻപും ശേഷവും പെൺകുട്ടിയുടെ മാനസികാവസ്ഥ എങ്ങനയായിരുന്നു എന്ന് വ്യക്തമാകുന്നതിനായി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്.
National
ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വീഴ്ച സമ്മതിച്ചു. പാർലമെന്ററി സമിതിക്കു മുന്നിലാണ് എൻടിഎ വീഴ്ച സംഭവിച്ചത്. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഇതിനു പിന്നാലെയാണ് കോൺഗ്രസ് എംപി ദിഗ് വിജയ് സിംഗ് അധ്യക്ഷനായ സമിതി എൻടിഎ ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശം നൽകിയത്. എൻടിഎ ഡയറക്ടർ, എൻടിഎ ചെയർപേഴ്സൺ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് പാർലമെന്ററി സമിതിക്ക് മുന്നിലെത്തിയത്.
മൂന്ന് മണിക്കൂറോളം ഈ യോഗം നീണ്ടുനിന്നിരുന്നു. ഇതിലാണ് വിഴ്ചയുണ്ടായതായി എൻടിഎ സമ്മതിച്ചിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ അടിയന്തരമായി സമർപ്പിക്കാൻ സമിതി എൻടിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്താനാണ് ശ്രമിച്ചത്.
വീഴ്ച വന്നതിൽ തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് എൻടിഎ സമ്മതിച്ചിട്ടുള്ളത്. പുനഃപരീക്ഷ കുറ്റമറ്റ രീതിയിൽ നടത്താനുള്ള നടപടികൾ സ്വീകരിച്ചുവെന്നും എൻടിഎ സമിതിയെ അറിയിച്ചു. കഴിഞ്ഞ മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു.
പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ജൂൺ 21ന് പുനഃപരീക്ഷ നടത്തും. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: നീറ്റ് ബയോളജി ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട പൂനയിലെ ബോട്ടണി അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെയെ സിബിഐ ഡൽഹിയിൽ അറസ്റ്റ് ചെയ്തു.
കേസിലെ പ്രധാന പ്രതിയായ കെമിസ്ട്രി ലക്ചറർ പി.വി. കുൽക്കർണിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒന്പതായി.
പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വിദഗ്ധയായി നിയമിച്ച മനീഷ ഗുരുനാഥ് മന്ധാരെയും നീറ്റ് പ്രവേശന പരീക്ഷയുടെ പ്രക്രിയയിൽ പങ്കാളിയായിരുന്നു.
നേരത്തേ അറസ്റ്റിലായ പൂനയിൽ നിന്നുള്ള മറ്റൊരു പ്രതിയായ മനീഷ വാഗ്മെറെ വഴിയാണു മനീഷ നീറ്റ് ഉദ്യോഗാർഥികളുമായി ബന്ധപ്പെട്ടത്. നിരവധി വിദ്യാർഥികൾക്ക് മനീഷയുടെ വീട്ടിൽ കോച്ചിംഗ് ക്ലാസുകൾ നൽകിയിരുന്നു.
ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾ മനീഷ വിദ്യാർഥികൾക്കായി വെളിപ്പെടുത്തിയിരുന്നു. വിദ്യാർഥികളുടെ നോട്ട്ബുക്കുകളിൽ ചോദ്യവും ഉത്തരവും എഴുതിപ്പിക്കുകയും പാഠപുസ്തകങ്ങളിൽ മാർക്ക് നൽകുകയും ചെയ്തുവെന്ന് സിബിഐ പറഞ്ഞു.
കെമിസ്ട്രി, ബയോളജി ചോദ്യപേപ്പറുകളാണ് പ്രധാനമായും ചോർത്തി വിവിധ കോച്ചിംഗ് ക്ലാസുകളിൽ നൽകിയത്. വിദ്യാർഥികളിൽനിന്നു വൻതുക വാങ്ങിയാണ് ചോദ്യപേപ്പർ ചോർത്തി നൽകിയത്. നീറ്റ് പേപ്പർ ചോർച്ചയുടെ അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ ആറു കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.
ലാപ്ടോപ്പുകൾ, ചോദ്യവും ഉത്തരവും അടങ്ങിയ രേഖകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ഇടനിലക്കാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
NRI
കുവൈറ്റ് സിറ്റി: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന നീറ്റ് പരീക്ഷ വീണ്ടും ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്നും പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനാകെ വലിയ അപമാനമാണെന്നും കല കുവൈറ്റ് അഭിപ്രായപെട്ടു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻടിഎ) പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതിന് ശേഷം ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ആവർത്തിക്കപ്പെടുന്നത് ആശങ്കാജനകമാണ്. എൻടിഎ പിരിച്ചുവിട്ട് പരീക്ഷാ നടത്തിപ്പിന്റെ ചുമതല നേരത്തെയുള്ളതുപോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറണമെന്നും ആരോപണങ്ങൾ സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കല ആവശ്യപ്പെട്ടു.
കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പരീക്ഷാ സെന്ററുകളിൽ നിന്ന് നിരവധി വിദ്യാർഥികളാണ് നീറ്റ് പരീക്ഷ എഴുതിയ ശേഷം നാട്ടിലേക്ക് പോയിട്ടുള്ളത്. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ഇനിയെങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യുമെന്ന ആശങ്കയിലാണ് പല രക്ഷിതാക്കളും.
വീണ്ടും പരീക്ഷയ്ക്കായി എത്തിച്ചേരേണ്ട സാഹചര്യം പ്രവാസി കുടുംബങ്ങളെ വലിയ സാമ്പത്തിക ബാധ്യതയിലും മാനസിക സമ്മർദത്തിലുമാക്കുന്നതായും കല ചൂണ്ടിക്കാട്ടി. കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും സംയുക്ത പ്രസ്താവനയിലാണ് പ്രതിഷേധം അറിയിച്ചത്.
NRI
കുവൈറ്റ് സിറ്റി: നീറ്റ് ചോദ്യപേപ്പർ ചോർച്ച - പ്രവാസി വിദ്യാർഥികൾ ദുരിതത്തിലാണെന്നും പ്രതികളെ കർശനമായി ശിക്ഷിക്കണമെന്ന് എൻസിപി എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്.
22 ലക്ഷത്തിലധികം വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും ത്യാഗത്തെയും സ്വപ്നങ്ങളെയും തകർത്തു കളഞ്ഞ സംഭവമാണ് നീറ്റ് ചോദ്യ പേപ്പർ ചോർച്ച. ഒന്നിലധികം വർഷം ഈ പരീക്ഷയ്ക്കായി പഠിച്ച കുട്ടികളും പരീക്ഷ എഴുതിയിരുന്നു.
കുറ്റമറ്റരീതിയിൽ പരീക്ഷ നടത്താൻ സാധിക്കാത്ത എൻടിഎ ഉദ്യോഗസ്ഥരേയും പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരേയും സമഗ്ര അന്വേഷണം വഴി കണ്ടെത്തി കർശനമായി ശിക്ഷിക്കാൻ നടപടി സ്വീകരിക്കണം.
താമസമില്ലാതെ വീണ്ടും പരീക്ഷ നടത്തി പുതിയ അധ്യയന വർഷത്തിൽ ദിവസങ്ങൾ നഷ്ടപ്പെടാതെ റിസൽട്ട് പ്രഖ്യാപിക്കണം. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് കുറഞ്ഞ നിരക്കിൽ കുവൈറ്റിൽ നിന്ന് നാട്ടിലേക്കും അവിടെ നിന്നും ഇവിടേക്കും വിമാന ടിക്കറ്റ് ലഭ്യമല്ലാത്തത്, നാട്ടിലേക്ക് പോയ കുട്ടികൾക്ക് വീണ്ടും വന്ന് പരീക്ഷ എഴുതാൻ പ്രതിസന്ധി സൃഷ്ടിക്കും.
കേന്ദ്ര സർക്കാരിന്റെ വീഴ്ചമൂലമാണ് ഈ ചോദ്യപേപ്പർ ചോർച്ചയും തുടർപ്രശ്നങ്ങളുമെന്ന് ഓവർസീസ് എൻസിപി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.
District News
പാലക്കാട്: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് പരീക്ഷ റദ്ദുചെയ്യേണ്ട സാഹചര്യമുണ്ടായത് അത്യന്തം ഗുരുതരമായ കൃത്യവിലോപമെന്നു കത്തോലിക്ക കോൺഗ്രസ് രൂപതാ സമിതി.
22 ലക്ഷം പേർ എഴുതിയ നീറ്റ് മത്സരപരീക്ഷ കുറ്റമറ്റവിധം നടത്താൻ കഴിയാതെ പോയതു അതീവഗൗരവമേറിയ വിഷയമാണ്. വിദ്യാർഥികളുടെ സമയത്തിനും അധ്വാനത്തിനും പുല്ലുവില കൽപ്പിക്കുന്ന ഈ അവസ്ഥയ്ക്ക് ഉത്തരം നൽകാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥമാണ്.
ഇതു വിദ്യാർഥികൾക്കു നൽകുന്ന സന്ദേശം എന്താണെന്ന് സർക്കാർ ചിന്തിക്കണം. ക്രമക്കേട് നടന്ന സാഹചര്യങ്ങൾ കണ്ടെത്തി കുറ്റമറ്റ നടപടികൾ സ്വീകരിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണം. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികൾ ഉറപ്പുവരുത്താൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്.
2024 ൽ നടന്ന നീറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേട് വീണ്ടും ആവർത്തിക്കപ്പെടുന്നതിനു പിന്നിൽ ഉദ്യോഗസ്ഥ- രാഷ്ട്രീയ മാഫിയ കൂട്ടുകെട്ടുകളുണ്ടാകുന്ന സാഹചര്യം പരിശോധിച്ച് ഇനിയൊരു വിദ്യാർഥിയുടെയും കണ്ണീർ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് വീഴാനുള്ള സാഹചര്യമുണ്ടാകാതിരിക്കാൻ മുഖം നോക്കാതെയുള്ള നടപടികൾ വേണമെന്നു രൂപതാസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദേശീയ പരീക്ഷാ ഏജൻസി എന്ന സംവിധാനം 2017ൽ ഏർപ്പെടുത്തിയതിനുശേഷം 48 ഓളം മത്സരപരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തി വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടായി എന്നത് അതീവഗൗരവതരമായ വസ്തുതയാണ്.
അതീവരഹസ്യമായി സൂക്ഷിക്കേണ്ട ചോദ്യക്കടലാസുകൾ അത്യന്തം ലാഘവത്വത്തോടെ കൈകാര്യം ചെയ്ത കേന്ദ്രസർക്കാരിനു വിദ്യാർഥികളുടെ അധ്വാനത്തിനു നഷ്ടപരിഹാരം നൽകാൻ ബാധ്യതയുണ്ട്.
രൂപതാ പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ട്രഷറർ ജോസ് മുക്കട, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപിള്ളി, ജീജോ അറയ്ക്കൽ, ജോസ് വടക്കേക്കര, ജോമി മാളിയേക്കൽ പ്രസംഗിച്ചു.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ്-യുജി പരീക്ഷ ഉടൻ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിസി).
ഏഴുമുതൽ പത്തു ദിവസത്തിനകം പുനഃപരീക്ഷയ്ക്കുള്ള സമയക്രമം പ്രഖ്യാപിക്കുമെന്ന് എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് അറിയിച്ചു.
പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്വം എൻടിഎ ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.
പുനഃപരീക്ഷയ്ക്കായി വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കില്ല. മുന്പ് നൽകിയ ഫീസ് തിരികെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ആക്രമണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീറ്റ് പരീക്ഷ ഇപ്പോൾ ഒരു പരീക്ഷയല്ലെന്നും മറിച്ച് മെഡിക്കൽ സീറ്റുകൾ വിൽക്കുന്ന ഒരു 'ലേലമായി' മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെ സർക്കാർ അപഹസിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പണമുള്ളവർക്ക് ചോദ്യപേപ്പർ വാങ്ങാൻ കഴിയുന്ന സാഹചര്യം മെറിറ്റ് അട്ടിമറിക്കപ്പെടുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുതാര്യമായി പരീക്ഷകൾ നടത്താൻ കഴിയാത്തത് കേന്ദ്ര സർക്കാരിന്റെയും പരീക്ഷാ ഏജൻസിയായ എൻടിഎയുടെയും പരാജയമാണ്. ചോദ്യപേപ്പർ ചോർച്ചയുണ്ടായ ഉടനെ പരീക്ഷ റദ്ദാക്കാതെ അത് മൂടിവെക്കാനാണ് അധികൃതർ ആദ്യം ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നീതിക്കായി പോരാടുന്ന വിദ്യാർത്ഥികൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും പാർലമെന്റിനകത്തും പുറത്തും ഈ വിഷയം ശക്തമായി ഉയർത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നതായി സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഡൽഹിയിൽ എൻഎസ്യുഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ വലിയ പ്രതിഷേധത്തിലാണ്. പരീക്ഷാ അട്ടിമറിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെ ഡൽഹിയിൽ പ്രതിഷേധം ഇരമ്പി. കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻഎസ്യുഐയുടെ നേതൃത്വത്തിൽ ശാസ്ത്രി ഭവനിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ശാസ്ത്രി ഭവനിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. നീറ്റ് പരീക്ഷ ഇപ്പോൾ ഒരു ലേലമായി മാറിയിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സർക്കാർ ലേലത്തിന് വെച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
പരീക്ഷയ്ക്ക് 42 മണിക്കൂർ മുൻപ് തന്നെ വാട്സാപ്പിലൂടെ ചോദ്യപേപ്പർ വിൽപനയ്ക്ക് വന്നിരുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. "ഡോക്ടർ ബിരുദം വിൽപനയ്ക്ക്" എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. രാജസ്ഥാനിലെ ബിജെപി സർക്കാർ പരീക്ഷാ ക്രമക്കേടുകൾ മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെങ്കിലും വിദ്യാർത്ഥികൾക്കുണ്ടായ നഷ്ടം പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു.
മേയ് മൂന്നിന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നുവെന്ന രാജസ്ഥാൻ പോലീസ് എസ്ഒജിയുടെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും കണ്ടെത്തലിനെത്തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. 22.79 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തിന് പിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കി. വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം ഇറക്കും.
മേയ് 3-ന് നടന്ന പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഏകദേശം 24 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയാണ് റദ്ദാക്കിയത്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുന്നതിനുമാണ് പരീക്ഷ റദ്ദാക്കിയതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പരീക്ഷ നടക്കുന്നതിന് മുന്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയർന്നത്. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എഡിജിപി വിശാൽ ബൻസാൽ അറിയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായുള നീറ്റ-യുജി പരീക്ഷയിൽ സംസ്ഥാനത്തുനിന്നും പരീക്ഷയെഴുതിയത് ഒരുലക്ഷത്തോളം വിദ്യാർഥികൾ.
ആകെ രജിസ്റ്റർ ചെയ്തിരുന്നത് 1.3 ലക്ഷം വിദ്യാർഥികളായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെയായിരുന്നു പരീക്ഷ. രാജ്യത്ത് ആകെ 22.79 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്.
National
ലക്നോ: ഉത്തർപ്രദേശിൽ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിച്ച മകൻ പിടിയിൽ. ലക്നോവിലെ വർധമാൻ പാത്തോളജി ഉടമയായ മാനവേന്ദ്ര പ്രതാപ് സിംഗ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിംഗ് ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 20 മുതൽ മാനവേന്ദ്ര പ്രതാപ് സിംഗിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മകൻ അക്ഷതിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
അക്ഷത് ഡോക്ടറാകണമെന്ന ആഗ്രഹത്താൽ നീറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ പിതാവ് നിരന്തരം നിർബന്ധിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് അക്ഷത് തോക്കെടുത്ത് പിതാവിന് നേരെ വെടിയുതിർത്തത്.
2018ൽ അക്ഷതിന്റെ അമ്മ മരിച്ചിരുന്നു. പിതാവിന്റെ കൊലയ്ക്ക് പിന്നാലെ മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. ശരീരഭാഗങ്ങളിൽ ചിലത് സദരോണ ഗ്രാമത്തിന് സമീപം ഉപേക്ഷിച്ചു. ബാക്കിയുള്ളവ വീടിനുള്ളിൽ ഡ്രമ്മിലാക്കി ഒളിപ്പിച്ചു. പോലീസ് പരിശോധനയിൽ വീടിനുള്ളിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്.